കോൽക്കത്ത: പിതാവിന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ താരം റിങ്കു സിംഗ് കൊൽക്കത്തയിൽ ടീമിനൊപ്പം ചേർന്നു. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായാണ് താരം കോൽക്കത്തയിൽ എത്തിയത്.
കരളിലെ ക്യാൻസറിനോട് പോരാടിയ റിങ്കുവിന്റെ പിതാവ് ഖാൻചന്ദ് സിംഗ് ഗ്രേറ്റർ നോയിഡയിലെ യഥാർഥ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. മരണവാർത്ത അറിഞ്ഞയുടൻ ചെന്നൈയിൽനിന്നും ജന്മനാടായ അലിഗഡിലേക്ക് തിരിച്ച റിങ്കു സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും ടീമിനൊപ്പം ചേരുന്നത്.
പിതാവിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വിങ്ങിപ്പൊട്ടുന്ന റിങ്കുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ കണ്ണ് നിറച്ചിരുന്നു.
ഇതിന് മുന്പ് പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് താരം ടീമിൽനിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരുന്നു.
നില മെച്ചപ്പെട്ടതിനെ തുടർന്ന് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ ആദ്ദേഹം മരണത്തിന് കീഴടങ്ങി.
റിങ്കു ടീമിനൊപ്പം ചേർന്നെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.